ന്യൂഡൽഹി: ഇന്ത്യയിലെ ഡിജിറ്റൽ വ്യാപാരം ഇൗ ഡിസംബറിൽ 2.37 ലക്ഷം കോടി രൂപയുടേതായി ഉയരുമെന്ന് ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. യാത്ര, ഇ-കൊമേഴ്‌സ്, യൂട്ടിലിറ്റി സേവനങ്ങൾ തുടങ്ങിയ മേഖലകളിലെ വളർച്ചയാണ് ഡിജിറ്റൽ വ്യാപാരത്തിന് കരുത്തേകുന്നത്. 2011 ഡിസംബറിനും 2017 ഡിസംബറിനും ഇടയിൽ ഈ രംഗത്ത് 34 ശതമാനം വളർച്ച ഉണ്ടായതായാണ് വിലയിരുത്തൽ.

ഡിസംബർ 2018-ഓടെ ഈ രംഗത്തെ ബിസിനസ് 2,37,124 കോടി രൂപയാകുമെന്നാണ് കണക്കുകൂട്ടൽ. ഡിജിറ്റൽ വ്യാപാര വിപണിയിൽ 54 ശതമാനം വിപണി വിഹിതവും ഓൺലൈൻ യാത്രാസേവന വിഭാഗത്തിന്റെ സംഭാവനയാണ്. ഏകദേശം 1.10 ലക്ഷം കോടി രൂപയുടേതാണ് ഈ രംഗത്തെ ബിസിനസ്. ഇതിൽ ആഭ്യന്തര വിമാന യാത്രാ ടിക്കറ്റ് ബുക്കിങ്ങും ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങുമാണ് മുന്നിൽ.

ഇ-ടെയിൽ വിഭാഗം 73,845 കോടി രൂപ സംഭാവന ചെയ്യുമ്പോൾ യൂട്ടിലിറ്റി സേവന വിഭാഗത്തിൽ 10,201 കോടി രൂപയാണ് ലഭിക്കുന്നത്. വൈവാഹിക പംക്തികളിലൂടെയും പരസ്യങ്ങളിലൂടെയും ഉള്ള വരുമാനം 6,060 കോടി രൂപയുടേതാണ്. ഓൺലൈൻ ഗ്രോസറി വിതരണത്തിലൂടെയുള്ള ബിസിനസ് 2,200 കോടിയുടേതും. 2017-ൽ നഗരപ്രദേശങ്ങളിൽ 29.5 കോടി പേരായിരുന്നു ഓൺലൈൻ ഉപയോക്താക്കൾ.


Disclaimer: This info has been published and collected from various public & secondary resources.